ഗർഭകാലത്തും അതിന് ശേഷവും മാതൃ മാനസികാരോഗ്യം വളരെ വലിയ രീതിയിൽ ഗവേഷണം ചെയ്യപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന വിഷയമാണ്. എന്നാൽ അതോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ടതും പക്ഷേ അത്ര കാര്യമായി പരിഗണിക്കപ്പെടാത്തതുമായ ഒരു വിഷയമാണ് പറ്റേണൽ ഡിപ്രഷൻ അഥവാ പിതൃ വിഷാദം.
ഭാര്യ ഗർഭിണിയായിരിക്കുമ്പോഴും കുട്ടികളെ വളർത്തുമ്പോഴും പുരുഷന്മാരും മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നു പോകുന്നുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ പലപ്പോഴും പിതാക്കന്മാരുടെ ഈ മാനസിക സമ്മർദ്ദത്തിന് അർഹമായ പരിഗണന എവിടെ നിന്നും ലഭിക്കാറില്ല.
നിശബ്ദ വില്ലൻ എന്നറിയപ്പെടുന്ന പറ്റേണൽ ഡിപ്രഷന്റെ അപകടങ്ങൾ ഒരു കുടുംബത്തെ മുഴുവൻ തകർക്കാൻ ശേഷിയുള്ളതാണ്. ഒരു കുട്ടിയുടെ ശരിയായ മാനസികാരോഗ്യ വളർച്ചയിൽ അമ്മയുടെ മാനസികാരോഗ്യം എത്ര പ്രധാനമാണോ അത്രതന്നെ പ്രധാനമാണ് അച്ഛൻറെ മാനസികാരോഗ്യവും.
വിഷാദരോഗികളായ പിതാക്കന്മാർ കുട്ടികളുമായുള്ള ഊഷ്മളമായ ഇടപെടലുകളിൽ ഏർപ്പെടാനുമുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ കുട്ടികൾ അവഗണിക്കപ്പെടാനും അതുമൂലം അവരിൽ സ്വഭാവ വൈകല്യങ്ങൾ ഉണ്ടാകാനും ഇടയുണ്ട്.
വിഷാദരോഗികളായ പിതാക്കന്മാരുടെ കുട്ടികൾക്ക് വൈകാരികവും വൈജ്ഞാനികവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. അതിനാൽ, ഉചിതമായ പ്രതിരോധ, പരിഹാര നടപടികൾക്കായി പിതൃ വിഷാദം എത്രയും വേഗം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
എന്താണ് പറ്റേണൽ ഡിപ്രഷൻ?
ജീവിതപങ്കാളിയുടെ ഗർഭാവസ്ഥയിലും കുഞ്ഞുണ്ടായതിനുശേഷവും പുരുഷന്മാരിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദമാണ് പറ്റേണൽ ഡിപ്രഷൻ. ഗർഭകാലത്തും കുഞ്ഞുണ്ടായതിനുശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന വിഷാദത്തിന് സമാനമാണ് ഇതെങ്കിലും പറ്റേണൽ ഡിപ്രഷന്റെ ലക്ഷണങ്ങൾ പുറത്തേക്ക് വരുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കും.
കരഞ്ഞും മറ്റുള്ളവരോട് തുറന്നുപറഞ്ഞുമൊക്കെ സ്ത്രീകൾ തങ്ങളുടെ വിഷാദത്തെ പുറത്തറിയിക്കാൻ പലപ്പോഴും ശ്രമിക്കും. എന്നാൽ പുരുഷന്മാർ അങ്ങനെയായിരിക്കില്ല. തങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് ജീവിതപങ്കാളിയോട് പോലും തുറന്നു പറയാൻ ഇവർ മടിക്കും. പകരം മനസ്സിൻറെ സമ്മർദ്ദം പുറത്തേക്ക് വരുന്നത് മറ്റു രീതികളിൽ കൂടിയാവാം.
ക്ഷീണം, ദേഷ്യം, എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുക,ചെറിയ കാര്യങ്ങൾക്ക് പോലും അസ്വസ്ഥത പ്രകടിപ്പിക്കുക തുടങ്ങിയ ലക്ഷണങ്ങളൊക്കെ ആവാം വിഷാദവസ്ഥയിലൂടെ കടന്നുപോകുന്ന പിതാക്കന്മാരിൽ നിന്നും പുറത്തേക്ക് വരിക.
എങ്ങനെ തിരിച്ചറിയാം?
പിതൃ വിഷാദത്തിലൂടെ കടന്നുപോകുന്ന വ്യക്തികളിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ സംഭവിക്കുന്നതോടൊപ്പം തന്നെ അവരുടെ പെരുമാറ്റത്തിലും ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഒക്കെ പലതരത്തിൽ ഈ വിഷാദാവസ്ഥകൾ പ്രതിഫലിക്കും.
1. മാനസികാവസ്ഥയിലെ മാറ്റങ്ങൾ:
എല്ലായിപ്പോഴും ദുഃഖം, നിരാശ, എന്നിവ അനുഭവപ്പെടുക, പ്രവർത്തനങ്ങളിൽ താൽപ്പര്യക്കുറവ് അനുഭവപ്പെടുക, സന്തോഷം അനുഭവിക്കാൻ ബുദ്ധിമുട്ട്, ഓർമ്മക്കുറവ്, തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക
2.പെരുമാറ്റത്തിലെ മാറ്റങ്ങൾ:
പെട്ടെന്നുള്ള ക്ഷോഭ പ്രകടനം, അമിതമായ കോപം അല്ലെങ്കിൽ ആക്രമണം, കുടുംബ-സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങൽ, ലഹരി വസ്തുക്കൾ ഉപയോഗിക്കുക.
3.ശാരീരിക ലക്ഷണങ്ങൾ:
ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മയോ അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന അവസ്ഥ,തലവേദന, വയറിനുള്ളിലെ പ്രശ്നങ്ങൾ, ശാരീരികാസ്വസ്ഥതകൾ.
4. ബന്ധങ്ങളിൽ ഉണ്ടാവുന്ന വിള്ളൽ: ജീവിതപങ്കാളിയും മക്കളുമായുള്ള ബന്ധത്തിൽ അകൽച്ച ഉണ്ടാവുക. അവരെ സ്നേഹിക്കാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ താല്പര്യ തോന്നാതിരിക്കുക.
എന്തുകൊണ്ട് സംഭവിക്കുന്നു?
* ഹോർമോൺ മാറ്റങ്ങൾ പ്രധാനമായും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമാണെങ്കിലും പുരുഷന്മാരെയും ഇത് ബാധിച്ചേക്കാം. മാനസികവും വൈകാരികവുമായ മാറ്റങ്ങളാൽ ചിലർക്ക് അച്ഛനാകുന്ന സമയത്ത് ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കുറയുന്നത് വിഷാദത്തിന് കാരണമാകും.
*കുടുംബത്തിൽ വിഷാദരോഗത്തിന്റെ ചരിത്രം ഉണ്ടെങ്കിൽ, പിതാവിന് വിഷാദം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും.
* ദാമ്പത്യത്തിലെ അതൃപ്തി, അടുപ്പം കുറയൽ, പങ്കാളിയുമായുള്ള സംഘർഷങ്ങൾ എന്നിവ വിഷാദരോഗത്തിന് കാരണമാകും.
* ജോലിയിലെ സമ്മർദ്ദവും പുതിയ കുടുംബ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുന്നതും വിഷാദത്തിന് കാരണമാകും.
*കുട്ടിയെ വളർത്തുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ വർദ്ധിക്കുമോ എന്ന അമിത ചിന്ത സമ്മർദ്ദം വർദ്ധിപ്പിക്കുകയും വിഷാദരോഗത്തിന് കാരണമാവുകയും ചെയ്യും.
* കുടുംബം, സുഹൃത്തുക്കൾ, സമൂഹം എന്നിവയിൽ നിന്നുള്ള പരിമിതമായ പിന്തുണ പിതാക്കന്മാരെ ഒറ്റപ്പെടുത്തുകയും അമിതഭാരം തോന്നിപ്പിക്കുകയും ചെയ്യും.
*ജോലി ഭാരം, പിതൃത്വ അവധിയുടെ അഭാവം, അല്ലെങ്കിൽ തൊഴിലില്ലായ്മ എന്നിവ കാര്യമായ സമ്മർദ്ദം സൃഷ്ടിച്ചേക്കാം.
*വിനോദത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കുമുള്ള ഒഴിവു സമയം കുറയുന്നത് മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.
* കുഞ്ഞിൻറെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ
* കുഞ്ഞുണ്ടാകുമ്പോഴുള്ള പിതാവിൻറെ പ്രായവും ഒരു ഘടകമാണ്. വളരെ ചെറിയ പ്രായത്തിൽ അച്ഛനാകുന്നവരിലും പ്രായം കൂടിയതിനുശേഷം അച്ഛനാകുന്നവരിലും വിഷാദത്തിനുള്ള സാധ്യത കൂടുതലാണ്.
* ഒട്ടും ആഗ്രഹിക്കാത്ത സമയത്ത്കുഞ്ഞ് ജനിക്കുന്നതും വിഷാദത്തിന്റെ ഒരു കാരണമാണ്.
* തനിക്ക് നല്ലൊരു അച്ഛനാകാൻ കഴിയുമോ എന്ന ആശങ്കയും പുരുഷന്മാരിൽ മാനസിക വിഷാദം സൃഷ്ടിക്കും.
അപകട സാധ്യതകൾ എന്തൊക്കെ?
പിതാക്കന്മാരിൽ ഉണ്ടാകുന്ന വിഷാദം ഒരിക്കലും അവരെ മാത്രമല്ല ദോഷകരമായി ബാധിക്കുക. അവരോടൊപ്പം ഉള്ള കുഞ്ഞിനെയും അമ്മയെയും അത് ദോഷകരമായി ബാധിക്കും. പിതൃ വിഷാദത്തിന്റെ ഏറ്റവും വലിയ ഇരകളായി തീരുന്നത് കുട്ടികൾ തന്നെയായിരിക്കും. പിതാക്കന്മാരിൽ നിന്നും ഉണ്ടാകുന്ന അകൽച്ച കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയെ ഗുരുതരമായി ബാധിക്കും.
വിഷാദരോഗികളായ പിതാക്കന്മാരുടെ സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക മാനസിക വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പിതാവിൻറെ വിഷാദത്തിൽ നിന്നുണ്ടാകുന്ന കുടുംബ കലഹങ്ങൾ കുട്ടികളെ പ്രതികൂലമായി ബാധിക്കും.
വിഷാദരോഗികളായ പിതാക്കന്മാർ ലഹരിവസ്തുക്കളുടെ ദുരുപയോഗം ഉൾപ്പെടെയുള്ള അപകടകരമായ പെരുമാറ്റങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കൂടുതലാണ്, ഇത് കുടുംബത്തിന് കൂടുതൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. മാത്രമല്ല ഇത്തരം പിതാക്കന്മാരിൽ കുട്ടികളോടൊപ്പം ഉള്ള സ്നേഹപൂർണ്ണമായ ഇടപെടലുകൾ കുറവായതുകൊണ്ട് തന്നെ അത് കുട്ടികളിലും സ്വഭാവ വൈകല്യങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
എങ്ങനെ മറികടക്കാം?
താൻ പറ്റേണൽ ഡിപ്രഷനിലൂടെയാണ് കടന്നുപോകുന്നത് എന്ന് സംശയിക്കുന്ന ഒരു വ്യക്തിക്ക് അതിനെ മറികടക്കാനുള്ള ചില സ്വയം സഹായ മാർഗങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം
* നിങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന വ്യക്തികളോട് മാനസിക പ്രയാസങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുക. ജീവിതപങ്കാളിയോടോ സുഹൃത്തുക്കളോടോ അല്ലെങ്കിൽ കുടുംബത്തിലെ ഏറ്റവും അടുത്ത വ്യക്തികളോടൊ മാനസിക പിന്തുണ തേടുന്നതിൽ മടി കാണിക്കേണ്ട കാര്യമില്ല.
* പിതാവായി എന്നതുകൊണ്ട് നിങ്ങളുടെ ഹോബികളെയും താല്പര്യങ്ങളെയും മാറ്റിനിർത്തേണ്ടതില്ല. സമ്മർദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും നിങ്ങൾ ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
* കൃത്യമായി ശാരീരിക വ്യായാമം ചെയ്യുക
* ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുക.
എന്നിട്ടും മനസ്സിനെ സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന തോന്നൽ ഉണ്ടായാൽ ആരോഗ്യ വിദഗ്ധരുടെ മെഡിക്കൽ സഹായം തേടാൻ മടിക്കരുത്.കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) അല്ലെങ്കിൽ ഇന്റർപേഴ്സണൽ തെറാപ്പി (IPT) ഉൾപ്പെടെയുള്ള ടോക്ക് തെറാപ്പികളിലൂടെ, നെഗറ്റീവ് ചിന്താ രീതികളെയും മാനസിക സമ്മർദ്ദത്തെയും നിയന്ത്രിക്കാൻ കഴിയും. ചില സന്ദർഭങ്ങളിൽ തെറാപ്പി യോടൊപ്പം തന്നെ ആന്റീഡിപ്രസന്റ് മരുന്നുകൾ ആവശ്യമായി വന്നേക്കാം.
ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നവർ ഒരിക്കലും മറ്റുള്ളവരുടെ സഹായം തേടുന്നത് ഒരു കുറവായി കരുതരുത്. മറിച്ച് മറ്റൊരാളുടെ പിന്തുണ തേടുന്നത് നിങ്ങളുടെ മനശക്തിയുടെ അടയാളമായി വേണം കരുതാൻ . ഒറ്റയ്ക്ക് ചെയ്ത് തീർക്കാൻ കഴിയാത്ത ഒരു പ്രവർത്തി ഏറ്റവും പ്രിയപ്പെട്ട അല്ലെങ്കിൽ അതിൽ പ്രാവീണ്യമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ ചെയ്തുതീർക്കുന്നു എന്ന് മാത്രമേ കരുതാവൂ.
ഒരു കുഞ്ഞ് ഉണ്ടാകുമ്പോൾ ഒരു അമ്മ മാത്രമല്ല അച്ഛൻ കൂടിയാണ് ജനിക്കുന്നത് എന്ന് ഓർക്കണം. കുഞ്ഞിൻറെ ജനനത്തോടെ അമ്മയുടെ ജീവിതത്തിൽ മാത്രമല്ല അച്ഛൻറെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അത് പങ്കാളികളും മറ്റു കുടുംബാംഗങ്ങളും കൂടി മനസ്സിലാക്കുകയും അനാവശ്യമായ സമ്മർദ്ദങ്ങളിലേക്ക് അവരെ തള്ളി വിടാതിരിക്കാൻ ശ്രമിക്കുകയും വേണം. കുഞ്ഞുണ്ടായി എന്നതുകൊണ്ട് സാമൂഹികമായ ഇടപെടലുകളിൽ നിന്നും അവരെ നിർബന്ധപൂർവ്വം അകറ്റരുത്.
അമിത ജോലിഭാരമുള്ള ഒരു വ്യക്തിയാണ് പിതാവെങ്കിൽ അതു മനസ്സിലാക്കി പെരുമാറാൻ പങ്കാളിയും കുടുംബാംഗങ്ങളും ശ്രമിക്കണം. അച്ഛനും അമ്മയും ഒരേ മനസ്സോടെയും സഹകരണ മനോഭാവത്തോടെയും പെരുമാറിയാൽ മാത്രമേ പോസിറ്റീവ് പെരെന്റിംഗ് സാധ്യമാകൂ. അതിനാൽ പിതാക്കന്മാരുടെ വിഷാദത്തെയും നമുക്ക് കരുതലോടെ കാണാം.
( കൊച്ചിയിലെ പ്രയത്നയുടെ ഫൗണ്ടറും സീനിയർ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി തയ്യാറാക്കിയ ലേഖനം ).


