‘പൂച്ചയുണ്ട് സൂക്ഷിക്കുക’ സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു ജാഗ്രത നിർദേശം വച്ചിരിക്കുകയാണ് കേരള പോലീസ്. ഏതാനും ദിവസങ്ങളായി ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഒക്കെയായി കറങ്ങി നടക്കുന്ന ഒരു ഓറഞ്ച് പൂച്ചയാണ് പ്രശ്നക്കാരൻ. കാണാൻ ആള് സുന്ദരനാണെങ്കിലും കക്ഷിയത്ര പാവത്താൻ ഒന്നുമല്ലെന്നാണ് പോലീസും വിദഗ്ധരും പറയുന്നത്. പലതരം ചെപ്പടി വിദ്യകൾ കൈവശമുള്ള ഈ എഐ പൂച്ച കുട്ടികളെ എളുപ്പത്തിൽ ആകർഷിക്കുകയും അടിമപ്പെടുത്തുകയും ചെയ്യും.
ഒരു സ്കൂൾ കുട്ടി കാരണമാണ് കേരള പോലീസ് ഈ പൂച്ചയെ സൂക്ഷിക്കണം എന്നൊരു ജാഗ്രത നിർദേശം പുറപ്പെടുവിച്ചത് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. സഹപാഠികളെ പേനകൊണ്ട് കുത്തിയും മറ്റും വളരെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു ഈ കുട്ടി. ഇരയാക്കപ്പെടുന്ന കുട്ടികൾ കരയുന്നതുവരെ അവൻ ആ പ്രവർത്തി തുടരുമായിരുന്നു. അധ്യാപകരും മാതാപിതാക്കളും ശാസിച്ചും അനുനയ സ്വരത്തിലുമൊക്കെ അവനെ മാറ്റിയെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അധ്യാപകരും മുതിർന്നവരും വഴക്കു പറഞ്ഞെങ്കിലും കൂസലില്ലാതെ അവൻ ആക്രമണം തുടർന്നു. പരാതി വ്യാപകമായതോടെ അധ്യാപകർ ഒരു ബിഹേവിയറൽ തെറാപ്പിസ്റ്റിൻ്റെ സഹായത്തോടെ അവൻറെ സ്വഭാവത്തിന് പിന്നിലെ കാരണം തേടി ഇറങ്ങി. അപ്പോഴാണ് നിരന്തരമായി ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ അവൻ കാണാറുണ്ടെന്ന വിവരം പുറത്തറിയുന്നത്. ക്രൂരതയും അക്രമ സ്വഭാവവും മുഖമുദ്രയാക്കിയ ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോകൾ രസകരമായി തോന്നിയാലും വലിയ പ്രശ്‌നങ്ങൾ കുട്ടികളുടെ സ്വഭാവത്തിലുണ്ടാക്കും എന്നതാണ് സത്യം.
എന്തുകൊണ്ട് സൂക്ഷിക്കണം?
ഈ പൂച്ചയുടെ വീഡിയോ ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ നമുക്ക് മനസ്സിലാകും. വളരെ മനോഹരമായ രീതിയിലാണ് ഈ എഐ പൂച്ചയെ സൃഷ്ടിച്ചിരിക്കുന്നതെങ്കിലും സ്വഭാവത്തിന്റെ കാര്യത്തിൽ വളരെ മോശക്കാരനാണ് ഇവൻ. ഓരോ റീലും ആദ്യ കാഴ്ചയിൽ രസകരമായി തോന്നുമെങ്കിലും വളരെ മോശമായ ഏതെങ്കിലും ഒരു സ്വഭാവം ചിത്രീകരിക്കപ്പെട്ടിട്ടുണ്ടാവും. സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുക, ഉറ്റ സുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുക എന്നീ രണ്ടു കാര്യങ്ങളാണ് പ്രധാനമായും എല്ലാ വീഡിയോയിലും ഉൾപ്പെടുത്തിയിട്ടുള്ള കണ്ടെന്റുകൾ. ഈ വീഡിയോകൾ തുടർച്ചയായി കാണുമ്പോൾ കുട്ടികളിലാണെങ്കിലും മുതിർന്നവരിലാണെങ്കിലും അറിഞ്ഞോ അറിയാതെയോ ഒരു സാഡിസ്റ്റ് മനോഭാവം അഥവാ സഹജീവികളുടെ വേദനയും സന്തോഷിക്കാനുള്ള മനസ്സ് ഉടലെടുക്കുകയാണ് ചെയ്യുന്നത്. മുതിർന്നവരുടെ മനസ്സിനെ ഇക്കാര്യങ്ങൾ അത്ര തീവ്രമായി സ്വാധീനിക്കില്ലെങ്കിലും കുട്ടികൾ അങ്ങനെയല്ല അവരുടെ മനസ്സിനെ വേഗത്തിൽ അത്തരം മനോഭാവങ്ങളിലേക്ക് അടിമപ്പെടുത്തുവാൻ ഇത്തരം വീഡിയോകൾ കാരണമാകും.
സാഡിസ്റ്റ് മനോഭാവം ഉണ്ടാക്കുന്നു എന്നത് മാത്രമല്ല ഈ വീഡിയോകൾ സൃഷ്ടിക്കുന്ന അപകടം. സ്വന്തം സന്തോഷം മാത്രം നോക്കി മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദിക്കുന്ന നാർസിസിസ്റ്റിക്ക് സ്വഭാവമുള്ളവരായും ഇത് കുട്ടികളെ രൂപാന്തരപ്പെടുത്തും. പശ്ചാത്തല സംഗീതം ഒക്കെ നൽകി മികവുറ്റ രീതിയിൽ കുറ്റവാളി പൂച്ചയ്ക്ക് ഹീറോ പരിവേഷം കൊടുക്കുന്നതും തെറ്റായ സന്ദേശമാണ് കുട്ടികൾക്ക് നൽകുക.
- ആപ്പുകളിൽ പാരൻ്റെൽ കൺട്രോൺ ഫീച്ചർ ഉപയോഗിക്കുക
- കുട്ടികൾ എന്ത് കാണുന്നു എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുക
- പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുക
- കുട്ടികളുടെ മൊബൈൽ ഫോൺ അഡിക്ഷൻ അല്ലെങ്കിൽ സോഷ്യൽ മീഡിയ അഡിക്ഷൻ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് തോന്നിയാൽ ഡിജിറ്റൽ ഡീ അഡിക്ഷൻ വിധത്തിലുള്ള സഹായം തേടുക.
- 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ ആപ്പുകൾ യാതൊരു കാരണവശാലും ഉപയോഗിക്കാൻ കൊടുക്കരുത്.
- അത്യാവശ്യഘട്ടങ്ങളിൽ പോലീസിന്റെയോ ആരോഗ്യവിദഗ്ധരുടെയോ സഹായം തേടാൻ മടിക്കരുത്.
- എല്ലാദിവസവും മാതാപിതാക്കളുടെ നിയന്ത്രണത്തിൽ നിശ്ചിത സമയത്തേക്ക് മാത്രം മൊബൈൽ ഫോണുകൾ കുട്ടികൾക്ക് കാണാൻ നൽകുക.
- കുട്ടികളുടെ ശ്രദ്ധ തിരിക്കാനായി മൊബൈൽ ഫോണുകൾ അവർക്ക് സ്വതന്ത്രമായി ഉപയോഗിക്കാൻ നൽകരുത്.
- മൊബൈൽ ഫോൺ അഡിക്ഷൻ മാറുന്നതിനായി പൂർണ്ണമായും അവ ഉപയോഗിക്കുന്നതിന് കുട്ടികൾക്ക് വിലക്കേർപ്പെടുത്തുന്നതിൽ അർഥമില്ല. പകരം അവർ ഉപയോഗിക്കുന്ന സമയ ദൈർഘ്യം സാവധാനത്തിൽ കുറച്ചു കുറച്ചു കൊണ്ടുവരിക.
കുട്ടികളിലെ നാർസിസ്റ്റ് സ്വഭാവം
നാർസിസിസ്റ്റിക് സ്വഭാവമുള്ള ആളുകൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് പകരം സ്വന്തം ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നു. അവർ ലജ്ജയില്ലാതെയാണ് സ്വന്തം ഇഷ്ടങ്ങൾ നേടിയെടുക്കാൻ ശ്രമം നടത്തുക. സഹാനുഭൂതി തീരെ ഉണ്ടാകില്ല. പലപ്പോഴും വിമർശനം, കോപം അല്ലെങ്കിൽ പ്രതിരോധ മനോഭാവം എന്നിവയിലൂടെ പ്രതികരിക്കും. അത്തരം കുട്ടികളിൽ കാണപ്പെടുന്ന ചില ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്:
- മറ്റുള്ളവരുടെ സംഭാഷണങ്ങൾ നിയന്ത്രിക്കുകയോ ഏകാധിപത്യ സ്വഭാവം കാണിക്കുകയോ ചെയ്യുക.
- മറ്റുള്ളവരുടെ നേട്ടങ്ങളെ കുറച്ചുകാണുക, സ്വന്തം വിജയങ്ങളെ പെരുപ്പിച്ചു കാണിക്കുക
- സഹാനുഭൂതിയുടെ അഭാവം
- തങ്ങളുടെ ഇഷ്ടം നടക്കാതെ വരുമ്പോൾ വളരെ പെട്ടെന്ന് കോപിക്കുക
കുട്ടികളിൽ ഇത്തരം സ്വഭാവ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കളും അധ്യാപകരും അത് നിസ്സാരമായി കാണരുത്. മറിച്ച് കുട്ടികളോട് സംസാരിച്ചും നല്ല മാതൃക കാണിച്ചു കൊടുത്തും അവരെ ആ സ്വഭാവത്തിൽ നിന്നും മാറ്റി കൊണ്ടുവരാൻ ശ്രമിക്കണം. നിങ്ങളുടെ കൈകളിൽ ഒതുങ്ങുന്നില്ല എന്ന് തോന്നിയാൽ മനശാസ്ത്രജ്ഞരുടെയോ ബിഹേവിയറൽ തെറാപ്പിസ്റ്റുകളുടെയോ സഹായം തേടാൻ മടിക്കരുത്.
(കൊച്ചിയിലെ പ്രയത്ന ചൈൽഡ് ഡെവലപ്മെൻ്റ് സെൻ്റർ സ്ഥാപകനാണ് ലേഖകൻ)


